Tuesday, November 14, 2006

പഴകിയെങ്കിലും.... ജ്വാല

പഴകിയെങ്കിലും.... ജ്വാല!

സുകുവേട്ടന്റെ ഏകധിപത്യമായിരുന്നു ഞങ്ങളുടെ ‘കൂടി‘ന്റെ പ്രത്യേകത, ഒരളവു വരെ നിലനില്പും. ബര്‍ദുബായിലെ പണ്ടത്തെ ‘ഗള്‍ഫ് ഏജന്‍സി’യുടെ പിറകിലുള്ള ആ കൊച്ചു വില്ലായില്‍ ആര്‍ എപ്പൊഴെഴുന്നേല്‍ക്കണം, കുളിക്കണം, ഓഫീസില്‍ പോണം എന്നു തുടങ്ങി പാചകം, ക്ലീനിംഗ്, വായന, പച്ചക്കറി-മീന്‍ വാങ്ങല്‍, കത്തെഴുതല്‍, ഡ്രാഫ്റ്റെടുക്കല്‍ എന്നീ കാര്യങ്ങളില്‍ വരെ തീരുമാനമെടുപ്പും നടത്തിപ്പും സുകുവേട്ടന്‍ കുത്തകയാക്കി വച്ചിരുന്നു. അതിനാല്‍ തന്നെ ഹിറ്റ്ലര്‍, സ്റ്റാലിന്‍, മുസ്സോളിനി എന്നിങ്ങനെ അറിയപ്പെടുന്ന പല സര്‍വാധിപതികളുടെ പേരിലും ഞങ്ങളുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു.

ഇതിനൊരയവ് വ്യാഴാഴ്ച രാത്രികളിലെ ‘ഹാപ്പി അവേഴ്സി”ല്‍ മാത്രമായിരുന്നു. ഞങ്ങള്‍ 8 പേര്‍ക്കുകൂടി ഒരു black&white/white horse , ഒരു കാര്‍ട്ടന്‍ heineken, രണ്ടോ മൂന്നോ ചിക്കന്‍ ഫ്രൈ ചെയ്തത് (ഗുസ്റ്റുകളുടെ എണ്ണം കൂടി കണക്കിലെടുത്ത്), രണ്ടു കിലൊ മട്ടന്‍ കറി (ധാരാളം ഗ്രേവിയോടെ), ഇഷ്ടം പോലെ ഖുബൂസ്...പിന്നെ രണ്ടു ഗ്രൂപ്പുകളായി (ജൂനിയര്‍-സീനിയര്‍) പുലരും വരെയുള്ള 28 കളി....

പിറ്റേന്നു ഉച്ചയൂണു കഴിഞ്ഞുള്ള പ്ലാസായിലെ മലയാളം മാറ്റിനി (അന്നൊക്കെ ആഴ്ചയില്‍ ഒരൊറ്റ ഷോ മാത്രമേ ഉണ്ടാകാറുള്ളൂ) യോടെ ഒരാഴ്ച്ചക്കു തിരശ്ശീല വീഴുന്നു.

ഒരു ദിവസം സുകുവേട്ടന്റെ അനിയന്‍ മനു, ഞങ്ങടെ ജൂനിയര്‍ ഗ്രൂപ്പിണ്ടെ ലീഡര്‍ (അതങ്ങനെയാണല്ലോ, മകനില്ലെങ്കില്‍ പിന്നെ അനിയന്‍), ഓഫീസില്‍ നിന്നു വന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളും വിളര്‍ത്തു തടിച്ച മുഖവുമായിട്ടായിരുന്നു. തലവേദനയാണെന്നു പറഞ്ഞെങ്കിലും എന്തോ കാര്യമായ പ്രശ്മുണ്ടെന്നു എനിക്കു തോന്നി.

-അല്ലെങ്കിലും കുറച്ചു നാളായി അവണ്ടെ പോക്കത്ര ശരിയല്ലെന്നു ഗാംഗ് മെംബേര്‍സ്!

സസ്പെന്‍സ് അധികം നീണ്ടു നിന്നില്ല. രാത്രി ഭക്ഷണശേഷം മനു എന്നെ ടെറസ്സിലേക്കു പിടിച്ചുകൊണ്ടുപോയി, പിന്നെ മനസ്സിന്റെ മൂടി മെല്ലെ തുറന്നു.

-അവരുടെ ഓഫീസിലെ സ്റ്റെനോയാണ് ലീല.( ചരക്ക് ഒരു ‘വിജയശ്രീ’ യാണെന്നാണ് കമ്പി) ലീലയുടെ അനിയത്തി ലീന ഈയിടെ വിസിറ്റ് വിസായില്‍ വന്നു. കമ്പനിയില്‍ ട്രയിനീ റ്റെലെഫോണ്‍ ഓപറേറ്ററായി ഇപ്പോള്‍ ജോലി നോക്കുന്നു. ഇടയില്‍ എപ്പോഴൊ മനുവിനോടവള്‍ക്ക് കലശലായ പ്രേമം... (‘എന്നോടവള്‍ക്ക്‘ എന്ന് മനു)

ജന്നത്ത് അല്‍ഫിര്‍ദൌസിണ്ടെ പരസ്യം പോലെ മൂടിവച്ചിട്ടും മറഞ്ഞിരിക്കാതെ വാര്‍ത്ത നാലുപാടും പരന്നു. അങ്ങനെ ചേച്ചി അറിയുന്നു, ചേച്ചിയുടെ ചേട്ടനറിയുന്നു, ദുബായ് ഇടവകയിലും പള്ളിയിലും പിടിപാടുള്ള വകയില്‍ ഒരമ്മാച്ചനുമറിയുന്നു.

സാമഭേദദണ്ടനങ്ങളില്‍, നവ്യപ്രേമത്തിന്റെ നറുനെയ്യില്‍ തിളച്ചുമറിയുന്ന അവളുടെ നവയൌവനം അടങ്ങാത്തതിനാല്‍, അവസാനം എല്ലാരും കൂടി തീ‍രുമാനിക്കുന്നു: ‘എന്നാല്‍ അവനവളെ കെട്ടട്ടെ!‘
- അമ്മാച്ചന്‍‍ തന്നെ നേരിട്ടുവന്നു മനുവിന്ന് ultimatum കൊടുത്ത ദിനമായിരുന്നു അന്ന്.

‘ചേട്ടനറിഞ്ഞാല്‍...‘ മനുവിനതാലോചിക്കാന്‍ വയ്യാ!
ജീവിതം ‘കട്ടപ്പുക‘!
സ്വപ്നങ്ങള്‍ ‘ചെര്‍ണോബില്‍’!!

‘നീയവളെ പ്രേമിക്കുന്നുണ്ടോടാ?’ ഞാന്‍ ചോതിച്ചു.
അതവന് തീര്‍ച്ചയില്ല. ഒരു ‘ഇതൊക്കെ’യുണ്ട്. പോരെങ്കില്‍ ‘കിടിലന്‍’ ഉരുപ്പടിയും. കണ്ണുള്ളവനായതു കൊണ്ടു പിന്നെ ഒന്നു നോക്കാതിരിക്കുന്നതെങ്ങനെ?

-പക്ഷേ ഒന്നുറപ്പാണ്: ഇതില്‍ നിന്നും തലയൂരണം, തലയൂരിയേ പറ്റൂ!

ഞങ്ങള്‍ ആലോചിച്ചു.
തല പുകഞ്ഞ്.
അനേകം ‘റോത്‌മാനുകള്‍’ പുകഞ്ഞ് എരിഞ്ഞൊടുങ്ങി.

ഒടുവില്‍ അതാ ഐഡിയാ!
‘യുറേക്കാ’ ഞാന്‍ പറഞ്ഞു: ‘പ്രശ്നം സിമ്പിള്‍,ഓപറേഷന്‍ ലീല-ലീന എനിക്കു വിട്ടു തരൂ’
-എന്നിട്ടെണ്ടെ സ്ട്രാറ്റെജിയും ‘മോഡസ് ഓപെരാണ്ടി’യും വിവരിച്ചു.
‘ശരി, നീ നാടകവും സാഹിത്യവുമൊക്കെ പയറ്റിയിട്ടുള്ളതിനാല്‍ ശ്രമിക്കൂ, വിജയിച്ചേക്കാം’ ഉള്‍ക്കടലിലെ വേണു നാഗവള്ളിയെപ്പോലെ ആ നിരാശാകാമുകന്‍ (!) ഒരു ദീര്‍ഘനിശ്വാസം വിട്ടു.

റമദാന്‍ കാലമായിരുന്നു. പക്ഷെ അന്നൊക്കെ ജോലിസമയത്തിനൊന്നും മാറ്റമില്ലായിരുന്നു. നോമ്പ് നോക്കുന്നവര്‍ ഇഫ്താര്‍ സമയമാകുമ്പോള്‍ വീട്ടില്‍ പോകും, അല്ലാത്തവര്‍ ഇരുന്നു ജോലി ചെയ്യും, അത്ര തന്നെ.

ഞാന്‍ മനുവിണ്ടെ കമ്പനിയിലെ നമ്പര്‍ കറക്കി.
‘ലീനാ പ്ലീസ്‘
- കാത്തിരുന്ന പോലെ അതാ അവള്‍: ‘ സുകുവേട്ടനാണോ?’
‘അതെ, മനുവിണ്ടെ ചേട്ടന്‍ സുകു’ ശബ്ദത്തിന്നല്പം ദൃഢത വരുത്തി ഞാന്‍ തുടങ്ങി.

തൃശ്ശൂര്‍ പൂരത്തിന്ടെ വെടിക്കെട്ടുപോലെ, കുടുംബബന്ധങ്ങളില്‍ തുടങ്ങി ജാതിമതങ്ങളില്‍ തൂങ്ങി ചേച്ചിയുടെ സ്വഭാവഹത്യയില്‍ പിറ്റിച്ചുകയറി അവളുടെ ചേട്ടണ്ടെ കള്ള കള്ളുകച്ചവടം വരെ അരമണീക്കൂറിനുള്ളില്‍ പൊട്ടിച്ചു തീര്‍ത്തു, ഞാന്‍.
‘ഇനി നീ എന്റെ അനിയനെ ശല്യപ്പെടുത്തിയാല്‍, പോലീസിലും ദീവാനിലും (sheikh office) എനിക്കുള്ള ‘പിടി’ അറിയാമല്ലോ, അല്ലേ?’
-ഒരു തേങ്ങല്‍ മാത്രമായിരുന്നു മറുപടീ!

‘അളിയാ, സങ്കതി ഏറ്റെന്നാ തോന്നുന്നേ, പെണ്ണു കരച്ചിലോടു കരച്ചില്‍....’ വന്നയുടനെ ഒരു ഗൂഢ്സ്മിതത്തോടെ മനു എന്റെ ചെവിയില്‍ മന്ത്രിച്ചു.
‘ദുഷ്ടാ, ഇതോ നിന്റെ പ്രേമം?’
-അവന് മഞ്ഞച്ചിരി, എനിക്കെന്തോ കുറ്റബോധവും.

വിസിറ്റ് വിസ തീര്‍ന്നതോടെ അവള്‍ നാട്ടില്‍ പോയതായി പിന്നീടറിഞ്ഞു. മനുവിന് ബാങ്കില്‍ ജോലിയായതോടെ ലീലാപര്‍വ്വമെന്ന അവന്ടെ പേടിസ്വപ്നവും പര്യവസാനിച്ചു.

**********************

എന്റെ കമ്പനിയില്‍ Receptionist -ന്ടെ പോസ്റ്റിലേക്ക് ഇന്റെര്‍വ്യൂ നടക്കുന്നു. പ്രൈമറി അസ്സെസ്മെണ്ടിനു വേണ്ടി ബോസ് എണ്ടെ അടുത്തേക്കയച്ചതായിരുന്നു വെളുത്തു മെലിഞ്ഞ് നീണ്ടിടതൂര്‍ന്ന മുടിയോടു കൂടിയ ആ സുന്ദരിയെ.

പേര് - ലീന.
എക്സ്പീരിയന്‍സ് - 3 മാസം ദുബായില്‍. അതും 4 വര്‍ഷങ്ങള്‍ക്കു മുന്‍പ്.
കമ്പനി- ജനറല്‍........കോ.

ഒരു മിന്നല്‍പ്പിണര്‍ തലയിലൂടെ പാഞ്ഞ് എന്റെ നെഞ്ചില്‍ വന്നു പതിച്ചു.

‘അവിടെ ജോലി ചെയ്തിരുന്ന ഒരു മനുവിനെ അറിയാമോ?’ പോഴത്തം ശബ്ദമായി നാവില്‍ നിന്നു പൊഴിഞ്ഞത് ഞാനറിയാതെയായിരുന്നു.

പെട്ടന്നവളുടെ മുഖം കൂമ്പി, തല താണു, കണ്ണുകള്‍ തുളുമ്പി.
-ദൈവമേ, ആ കണ്ണുകള്‍!
നിശ്ശബ്ദമായ ഏറെ നിമിഷങ്ങള്‍ക്കു ശേഷം അവള്‍ ചോദിച്ചു: ‘സാറിനറിയാമോ മനുവിനെ?’
ഞാന്‍ തപ്പിത്തടഞ്ഞു: ‘ങാ, എന്റെ നാട്ടുകാരനാ..’

- final three -യിലേക്ക് സെലെക്റ്റ് ചെയ്തിട്ടും പിന്നെയവള്‍ വന്നില്ല.
ഞാന്‍ മനുവിന്റെ നാട്ടുകാരനായതാണോ കാരണം?
അതോ?

തകര്‍ന്ന പ്രണയത്തിന്ടെ വ്യഥയും പേറി നാട്ടിലെത്തിയ അവള്‍ ഡിഗ്രിയെടുത്തതും secretarial course പാസ്സായതും biodata യിലൂടെ ഞാന്‍ വായിച്ചറിഞ്ഞു.
contact number-ല്‍ പലപ്രാവശ്യം വിളിച്ചിട്ടും ഒരിക്കല്‍പ്പോലും അവള്‍ ലൈനില്‍ വന്നില്ല. ഉദ്വേഗം നിറഞ്ഞ എണ്ടെ ആ വിളികള്‍ എന്തുമാത്രം ഉദ്ദ്യേശ്യശുദ്ധിയോടെയായിരുന്നു എന്ന കാര്യത്തില്‍ ഇന്നും എനിക്കു ശങ്കയുണ്ട്.

**************

അനുബന്ധം:

കഥാനായികയെ ഇപ്പോള്‍ കണ്ടാലറിയില്ല. വെളുത്ത് തടിച്ച ഒരു ലാ ‘ഷക്കീല’. ഒരു ശുദ്ധന്‍ പാലക്കാടന്‍ നായരെ കറക്കിയെടുത്ത് കെട്ടി, പ്രമുഖ എയര്‍ലൈന്‍ കമ്പനിയില്‍ ഉയര്‍ന്ന ഉദ്ദ്യോഗവുമായി, അമേരിക്കന്‍ കോളേജില്‍ പഠിക്കുന്ന സുന്ദരിയായ മകളുമൊന്നിച്ച് Abudhabi Road ല്‍ പുതുതായി ഉയര്‍ന്നു വന്ന Housing complex-ലെ ഒരു വില്ലായില്‍ സസുഖം വാഴുന്നു.
കഥാനായകന്‍ ബാങ്കില്‍ തന്നെ, ഇപ്പോള്‍ South Africa-യില്‍‍ (ഏറെ നാളായി ഒരു contact-ഉം ഇല്ല, കേട്ടോ)

Sunday, November 12, 2006

പാചകം-3 സൂത്രക്കോഴി (Healthy Chicken)

ആവശ്യമായ സാധനങ്ങള്‍

1) ഫ്രഷ് ചിക്കന്‍ -1 ( ഫ്രഷ് ചിക്കന്‍ തന്നെ വേണം, ഫ്രോസനില്‍ water content കൂടിയിരിക്കും)

2) ഉപ്പ് - 1 കിലോ (പരലുപ്പ് -crystal salt- ഗള്‍ഫില്‍ ചില ഇറാനി കടകളില്‍ കിട്ടും, ഇല്ലെങ്കില്‍ പൊടിയുപ്പു തന്നെ ശരണം)

മാരിനേറ്റു ചെയ്യാന്‍

1) ഇഞ്ചി - വലിയ കഷണം - 1

2)വെളുത്തുള്ളി - ഒരു കുടം (6 അല്ലി)

3)പച്ച മുളക് - 6 എണ്ണം

4)മഞ്ഞള്‍പ്പൊടി - 1/2 ടേ.സ്പൂണ്‍

5)ജീരകപ്പൊടി - 1/2 ടീ. സ്പൂണ്‍

6)ഗരം മസാല - 1/2 ടീ.സ്പൂണ്‍

7)കാഷ്മീരി ചില്ലിപ്പൊടി - 1 ടീ.സ്പൂന്‍

8)തൈര് - 2 ടേ.സ്പൂണ്‍9)

ചെറു നാരങ്ങ നീര് - 1 നാരങ്ങയുടെ

10)ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കനെ ഒരു ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറുകേയും നല്ലവണ്ണം ‘പീഢിപ്പിക്കുക.മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു വയ്ക്കാം.

നല്ല ദൃഢമായ മൂടിയുള്ള ഒരു കുക്കിംഗ് പാത്രത്തില്‍ ഉപ്പിടുക. (അതെ, ഒരു കിലോ ഉപ്പു ‘മുയുമനും’) അതിനു മുകളില്‍ കോഴി ‘കുക്കുടാസനത്തില്‍’ (കൈകാലുകള്‍ മേലോട്ടായി) വയ്ക്കുക. അലുമിനിയം ഫോയില്‍ കൊണ്ടു airtight ആക്കി, മൂടി കൊണ്ടു ഭദ്രമായി അടച്ച്, അര മണിക്കൂര്‍ മീഡിയം തീയില്‍ പാചകം ചെയ്യുക.

തീ ഓഫ് ആക്കി അര മണിക്കൂര്‍ കൂടി കാത്തിരുന്ന ശേഷം കോഴി പുറത്ത്തെടുക്കാം.വെണ്ണ പോലെ മൃദുലമായ, സ്വാദിഷ്ടമായ ‘സൂത്രക്കോഴി’ റെഡി!‍

പ്രത്യേകതകള്‍:

1) കോഴിയുടെ തൊലിയും കൊഴുപ്പും ഉരുകി ഉപ്പില്‍ ലയിച്ചിരിക്കും- so the chicken is fat free, oil free and ofcourse, cholesterol free.ശിശുക്കള്‍ക്കു മുതള്‍ വലിയ രോഗികള്‍ക്കു വരെ കാരണവര്‍ ഇതു recommend ചെയ്യുന്നു. ഞങ്ങള്‍ ഇതിനെ Healthy chicken എന്നും വിളിക്കാറുണ്ട്.

2) കോഴിയുടെ എല്ലുകള്‍ വരെ tender ആയിരിക്കും. അതിനാല്‍ പാത്രത്തില്‍ നിന്നെടുക്കുംപോള്‍ ശ്രധിക്കണം.

3) പൊടിയുപ്പാണുപയോഗിക്കുന്നതെങ്കില്‍ ഉപ്പിനു മീതെ ഒരു ചെറിയ കഷണം aluminium foil വച്ച് അതിനു മുകളില്‍ കോഴിയെ വയ്ക്കുക.

4) പുതിയ പാത്രം ഉപയോഗിക്കാതിരിക്കുക. ഉപ്പ് അടിയില്‍ പിടിക്കാന്‍ സാധ്യതയുന്ട്.--പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങളീങ്ങനെ പോരട്ടെ!!

പാചകം-2 അതിദ്രുത മീന്‍ കറി

ആവശ്യമായ സാധനങ്ങള്‍:

മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ

1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍

മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍

ഇഞ്ചി - 1 കഷണം

തക്കാളി - 2 എണ്ണം

ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍

2)കറിവേപ്പില - ഒരു പിടി

ചുവന്നുള്ളി - 6

ഉപ്പ് - ആവശ്യത്തിന്

കുടമ്പുളി - 2 ചുള

വെളിച്ചെണ്ണ - 2 ടീ സ്പൂണ്

‍വെള്ളം - ഒരു കപ്പ്

പ്രയോഗം:

ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.
തിള വരുമ്പോള്‍ മീനിടുക.
വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.

വെറും 10 മുതല്‍ 15 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം.

പാ‍ചകം- ചിക്കന്‍ അടിപൊളി

ചിക്കന്‍ അടിപൊളി

ആവശ്യമായ സാധനങ്ങള്‍:

1)ചിക്കന്‍ - 1 കിലൊ
2)മുളകുപൊടി - 2 ടേ സ്പൂണ്‍
3)പച്ച മുളക് - 15-20 എണ്ണം (തന്നെ, തന്നെ)
4) വേപ്പില - 2 പിടി (2 ത്ണ്ടല്ലാ, 2 പിടി)
5)എണ്ണ - 2 കപ്പ്
6)ഉപ്പ് - ആവശ്യത്തിന്ന്
)ഫുഡ് കളര്‍(‍റെഡ്) - ഒരു നുള്ള് (കിടക്കട്ടെ, എന്നാലേ ഒരു ‘ഫംഗി” വരൂ)

പ്രയോഗം:

ചിക്കന്‍ ചെറുതായി നുറുക്കി, മുളകുപൊടിയും ഉപ്പും കളറും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക.(വെളള്ളം വേണ്ട, ചിക്കനിലെ വെള്ളം തന്നെ ധാരാളം)

എണ്ണ ചൂടാക്കി, വേപ്പിലയും അറ്റം പൊളിച്ച പച്ച മുളകും കരിഞ്ഞുപോകാതെ വറുത്തു കോരുക.

ആ എണ്ണയില്‍ കുറേശ്ശേയായി ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറക്കുക.

വറുത്തെടുത്ത വേപ്പിലയും മുളകും കൊണ്ടു ‘ഗാര്‍ണിഷ്’ ചെയ്യാം.